'ഫോണ്‍പേ, ഗൂഗിള്‍പേ സേവനങ്ങള്‍ എന്നും സൗജന്യമായിരിക്കില്ല
ന്യൂഡല്‍ഹി: ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ എപ്പോഴും സൗജന്യമായിരിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വരുന്ന ചെലവ് ഉപേയാക്താക്കള്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 'യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കില്ല, യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും' സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്. ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നു. 2025 ജൂണില്‍ മാത്രം 18.39 ബില്യണ്‍ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായാണ് റിപ്പോര്‍ട്ട്.